ലോകത്ത് ഏറ്റവും അധികം ആദരിക്കപ്പെടുന്ന കേരളീയൻ ആരാണ് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളു .
ജഗദ്ഗുരു ശ്രീ ആദിശങ്കരാചാര്യർ .
കളിച്ചുനടക്കേണ്ട ചെറുപ്രായത്തിൽ ലോക മനസ്സ് കീഴടക്കാൻ ഇറങ്ങി പുറപ്പെട്ട അതുല്യ പ്രതിഭ ആയിരുന്നു ശ്രീ ശങ്കരൻ .
" ഒരേ സമയം ജ്ഞാനിയായ ഋഷിയും കാരുണ്യം നിറഞ്ഞ പുണ്യ ആത്മാവും ആയി തീരുക - ഈ അസാമാന്യ കാര്യമാണ് വെറും മുപ്പത്തിരണ്ട് വയസ്സിനുള്ളിൽ ശങ്കരൻ സാധിച്ചെടുത്തത് . ഇന്ത്യ സമ്മാനിച്ച ഏറ്റവും ഉൽകൃഷ്ടമായ മനുഷ്യ മാതൃകയാണ് അദ്ദേഹം " .ലോകപ്രസിദ്ധ തത്ത്വചിന്തകനായ വിൽഡ്യൂറന്റിന്റെ വാക്കുകൾ ആണ് ഇത് . ഈ വാക്കുകളിൽ നിന്നും നമുക്ക് ശങ്കരൻ എന്ന വ്യക്തിയുടെ മാഹാത്മ്യം എന്താണ് എന്ന് മനസ്സിലാക്കാം .
ആ മഹദ് വ്യക്തിയെ കുറിച്ച് കൂടുതലായി വായിച്ചറിയാം .
ശങ്കരാചാര്യരുടെ കാലം
ചില ഭാരതീയ പണ്ഡിതന്മാർ പറയുന്നത് , എ.ഡി എട്ടാം നൂറ്റാണ്ടിലാണ് ശങ്കരാചാര്യർ ജീവിച്ചിരുന്നത് എന്ന് പല തെളിവുകളും നിരത്തി അവർ വാദിക്കുന്നു . പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന വാദവും ഇതുതന്നെ ആണ് .
അങ്കമാലിക്കടുത്തുള്ള കാലടിയിൽ പെരിയാറിന്റെ വടക്കേകരയിലായി കൈപ്പിള്ളി എന്നൊരു നമ്പൂതിരി ഇല്ലം ഉണ്ട് . അവിടെ വിദ്യാധിരാജൻ എന്ന നമ്പൂതിരിക്ക് ശിവഗുരു എന്ന ഒരു പുത്രൻ ഉണ്ടായിരുന്നു . അന്നത്തെ രീതി അനുസരിച്ച് ഗുരുകുലവിദ്യാഭ്യാസം കഴിഞ്ഞപ്പോൾ ശിവഗുരുവിന് ഒരൊറ്റ മോഹമേ ഉണ്ടായിരുന്നുള്ളു . സന്യാസിയായിമാറി യജ്ഞങ്ങൾ ചെയ്തു മോക്ഷം നേടണം . പക്ഷെ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹത്തിന് വിവാഹം കഴിച്ച് ഗൃഹസ്ഥനാവേണ്ടി വന്നു . എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള പാഴൂർ എന്ന ഗ്രാമത്തിൽ മേൽപാഴൂർ എന്ന ഇല്ലത്തുനിന്നാണ് അദ്ദേഹം വിവാഹം ചെയ്തത് . ആര്യാംബ എന്നായിരുന്നു പത്നിയുടെ പേര് .അവർക്കുണ്ടായ പുത്രൻ ആണ് ശ്രീ ശങ്കരൻ .
കുഞ്ഞായിരിക്കുമ്പോൾ തന്നെ ഗ്രന്ഥങ്ങൾ വായിച്ച് അർത്ഥം മനസ്സിലാക്കാനും ഉപനയനം നടത്തുവാനും അദ്ദേഹം പ്രാപ്തി നേടി . വിദ്യാഭ്യാസത്തിനായി ഗുരുകുലത്തിൽ ചേരുകയും ശാസ്ത്രങ്ങളിലും പുരാണങ്ങളിലും ഉറച്ച പാണ്ഡിത്യം നേടുകയും ചെയ്തു .
പക്ഷെ പുത്രൻ കീർത്തിമാനായി വളരുന്നത് കാണാൻ അദ്ദേഹത്തിന്റെ പിതാവായ ശിവഗുരുവിന് ഭാഗ്യം ലഭിച്ചില്ല . ശങ്കരന് മൂന്ന് വയസ്സ് ഉള്ളപ്പോൾ അദ്ദേഹം മരിച്ചുപോയി . പിന്നീട് അമ്മയാണ് ശങ്കരനെ വളർത്തിയത് .
ശങ്കരന്റെ പഠന കാലത്ത് നടന്നിരുന്നതായി പറയപ്പെടുന്ന ഒരുപാട് ഐതിഹ്യങ്ങൾ ഉണ്ട് അതെല്ലാം ഇതിൽ ഉൾകൊള്ളിച്ചാൽ ഇത് നീണ്ടുപോകും എന്നുള്ളതിനാൽ ഞാൻ അതൊന്നും ഇതിൽ ഉൾകൊള്ളിക്കുന്നില്ല . വായിക്കുന്ന നിങ്ങൾക്ക് അത് മടുപ്പ് തോന്നുവാൻ ഇടയാക്കും എന്നുള്ളതുകൊണ്ടും ആണ് ഇവിടെ അതൊന്നും ചേർക്കാത്തത് .
സന്യാസത്തിലേക്ക്
ഏതൊരു അമ്മയുടെ ആഗ്രഹം പോലെ ശങ്കരന്റെ മാതാവായ ആര്യാംബാക്കും ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു .
തന്റെ മകൻ മിടുക്കനായി വളരണം , പിന്നെ വിവാഹം എല്ലാം കഴിച്ച് ഒരു കുടുംബമായി സന്തോഷത്തോടെ കഴിയണം എന്നുള്ളത് .
പക്ഷെ ശങ്കരന്റെ മനസ്സ് അമ്മയുടെ ആഗ്രഹത്തിന് നേർ വിപരീതം ആയിരുന്നു . ശങ്കരന്റെ മനസ്സിൽ കുറെ ചോദ്യങ്ങൾ അലയടിക്കുകയായിരുന്നു . അത് എന്താണ് എന്ന് വെച്ചാൽ .
= ഞാൻ ആരാണ് ?
= എവിടെ നിന്നു വന്നു ?
= എങ്ങോട്ട് പോകുന്നു ?
= എനിക്കും ഈ പ്രപഞ്ചത്തിനും
തമ്മിലുള്ള ബന്ധം എന്താണ് ?
= ജനനത്തിനു മുൻപ് ഞാൻ ഉണ്ടായിരുന്നോ ?
= മരണത്തിന് ശേഷം ഞാൻ ഉണ്ടായിരിക്കുമോ ?
= മനുഷ്യവർഗ്ഗത്തിന്റെ അവസാനിക്കാത്ത ഈ യാത്ര ഏത് ലക്ഷ്യത്തെ മുൻ നിർത്തിയാണ് ?
ഇതെല്ലാം ആയിരുന്നു ശങ്കരന്റെ മനസ്സിൽ അലട്ടിയ ചോദ്യങ്ങൾ . നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഈ ചോദ്യങ്ങൾ എല്ലാം വെറും പത്തു വയസ്സിൽ താഴെ ഉള്ളപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ തോന്നിയതാണ് .
ശങ്കരന്റെ ഏറ്റവും വലിയ മോഹം ഒരു സന്യാസിയായി ജീവിതം കഴിച്ചുകൂട്ടണം എന്നായിരുന്നു .പക്ഷെ ബുദ്ധദേവനെ പോലെ ആരോടും മിണ്ടാതെ എല്ലാം ഇട്ടെറിഞ്ഞു സ്ഥലം വിടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല . തന്നെ അതിരുവിട്ടു സ്നേഹിക്കുന്ന അമ്മയുടെ അനുവാദം ഇല്ലാതെ വീട് വിട്ടുപോകാൻ അദ്ദേഹത്തിന് മനസ്സ് വന്നില്ല . അമ്മയാണെങ്കിൽ സന്യാസിയാകുവാൻ അനുവാദം തരുകയുമില്ല .
പക്ഷെ ശങ്കരന്റെ അമ്മ സന്യാസത്തിന് അനുവാദം നൽകുന്നതിനെപ്പറ്റി ഒരു ഐതിഹ്യം ഉണ്ട് . അത് ഇവിടെ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു .
ആ കഥ ഇങ്ങനെ ആണ് .
ശങ്കരൻ പതിവ് പോലെ കുളിക്കാനായി പെരിയാറിൽ ഇറങ്ങി . പെട്ടന്ന് ഒരു മുതല വന്ന് കാലിൽ പിടികൂടി ശങ്കരൻ നിലവിളിക്കാൻ തുടങ്ങി . നിലവിളി കെട്ടുവന്ന അമ്മ കണ്ടത് ശങ്കരനെ മുതല ആഴമുള്ള ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോകുന്നതാണ് . ശങ്കരൻ ഉറക്കെ വിളിച്ചുപറഞ്ഞു അമ്മേ ഇപ്പോഴെങ്കിലും എന്നെ സന്യാസിയാകുവാൻ അനുവാദം നൽകൂ . നിവർത്തിയില്ലാതെ അമ്മ ശങ്കരന് സന്യാസം സ്വീകരിക്കുവാൻ അനുമതി നൽകി .ഉടനെ തന്നെ മുതല ശങ്കരനെ വിട്ടുപോവുകയും ചെയ്തു . ഈ കഥയിൽ എത്രത്തോളം വാസ്തവം ഉണ്ട് എന്ന് അറിയില്ല .
പക്ഷെ വളരെ പ്രചാരത്തിൽ ഉള്ള ഒരു കഥ കൂടി ആണ് ഇത് . ശങ്കരനെ പിടികൂടിയ ആ മുതല പുഷ്പരഥൻ എന്നൊരു ഗന്ധർവൻ ആയിരുന്നു എന്നും ഒരു കഥയുണ്ട് .
കാലടിയിൽ പെരിയാറിലുള്ള ഒരു ചെറിയ കുളിക്കടവിന് ഇന്നും മുതലക്കടവ് എന്നാണ് പേര് .
സന്യാസി ആയാൽ പിന്നെ വീട്ടുകാരെയും ബന്ധുക്കളെയും എല്ലാം ഉപേക്ഷിക്കണം ആഗ്രഹിക്കുമ്പോൾ താൻ അടുത്തെത്താം എന്ന് പറഞ്ഞു കൊണ്ട് ശങ്കരൻ വീട് വിട്ട് ഇറങ്ങി സന്യാസത്തിന് .
ഗുരുവും ശിഷ്യനും
അമ്മയുടെ അനുവാദത്തോടുകൂടെ സന്യാസത്തിനായി വീട് വിട്ട് ഇറങ്ങുമ്പോൾ ശങ്കരന് എട്ട് വയസ്സ് ആയിരുന്നു . നർമദ നദീതീരത്ത് ഒരു ഗുഹയിൽ താമസിച്ചിരുന്ന ഗോവിന്ദപാദൻ എന്ന യോഗിയെകുറിച്ച് ശങ്കരൻ കേട്ടറിഞ്ഞിരുന്നു . ഗോവിന്ദനാഥൻ എന്നും അദ്ദേഹത്തെ വിളിക്കാറുണ്ട് . അദ്ദേഹത്തെ ഗുരുവായി വരിക്കണം എന്നതായിരുന്നു ശങ്കരന്റെ ലക്ഷ്യം .
സാക്ഷാൽ വ്യാസന്റെ ശിഷ്യപരമ്പരയിൽ പെട്ട ആളാണ് ഗോവിന്ദാചാര്യൻ എന്നാണ് വിശ്വാസം . വേദാന്തത്തിന്റെ ആചാര്യപരമ്പര ഇങ്ങനെയാണ് എന്നാണ് ഐതിഹ്യം പറയുന്നത് - വേദവ്യാസൻ ,ശ്രീശുകൻ , ഗൗഡപാദൻ , ഗോവിന്ദാചാര്യൻ , ശ്രീ ശങ്കരൻ .
അങ്ങനെ ഗോവിന്ദപാഥനിൽ നിന്നും ശങ്കരൻ ശിഷ്യത്വം സ്വീകരിച്ചു . മൂന്നുവർഷം ആ മഹാഗുരുവിന്റെ കൂടെ താമസിച്ച് സർവശാസ്ത്രങ്ങളിലും അവഗാഹം നേടുകയും ചെയ്തു . മൂന്ന് വർഷത്തിന് ശേഷം ഗോവിന്ദഗുരു ശങ്കരനോട് കാശിയിലേക്ക് പോകാൻ ഉപദേശിച്ചു . അവിടെ വന്നുകൂടുന്ന സന്യാസിമാരിൽ നിന്ന് യോഗ്യരായ ശിഷ്യന്മാരെ കണ്ടെത്തി അവർക്ക് ആത്മജ്ഞാനം ഉപദേശിക്കാനായിരുന്നു ഗുരുവിന്റെ ആജ്ഞ . ഒപ്പം കാശിയിൽ വസിച്ച് "ബ്രഹ്മസൂത്രം" എന്ന ഗഹനമായ വേദാന്ത ഗ്രന്ഥത്തിന് വ്യാഖ്യാനം എഴുതുവാനും അദ്ദേഹം നിർദേശിച്ചു .അങ്ങനെ ശ്രീശങ്കരൻ ഗുരുവിനെ വണങ്ങി കാശിയിലേക്ക് യാത്രയായി .
ആചാര്യപദവിയിൽ
ശിഷ്യപദവിയിൽ നിന്ന് ആചാര്യ പദവിയിലേക്കുള്ള കുതിച്ചുചാട്ടം ആയിരുന്നു ശ്രീശങ്കരന്റെ കാശിയാത്ര . നമർദാ തീരത്തുനിന്ന് ചേദി , കൗശാംബി , പ്രയാഗ മുതലായ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് കാശിയിൽ എത്തുമ്പോൾ അദ്ദേഹത്തിന് വെറും പന്ത്രണ്ട് വയസ്സ് മാത്രം ആയിരുന്നു ഉണ്ടായിരുന്നത് .
കാശിയിൽ എത്തി അധികം വൈകാതെ തന്നെ ശ്രീശങ്കരന് ധാരാളം ശിഷ്യന്മാരെ ലഭിച്ചു . അവരിൽ പ്രമുഖൻ എന്ന് പറയുന്നത് സനന്ദനൻ എന്ന യുവാവായിരുന്നു . പദ്മപാദൻ എന്ന പേരിൽ ആണ് അദ്ദേഹം പ്രസിദ്ധനായത് . "ഭജഗോവിന്ദസ്തോത്രം" അതുപോലെ "മനീഷാപഞ്ചകം" എന്ന കൃതികൾ എല്ലാം അദ്ദേഹം കാശിയിൽ നിന്ന് രചിച്ചതാണ് .
കാശിയിൽ നിന്നും ശ്രീശങ്കരൻ പിന്നീട് പോയത് ബദരിനാഥിലേക്ക് ആയിരുന്നു . ബദരിനാദിലെ ആശ്രമത്തിലെ താമസത്തിനിടയിൽ കൂടുതൽ ശിഷ്യന്മാർ അദ്ദേഹത്തോടൊപ്പം ചേർന്നു . കുട്ടിക്കാലത്ത് ശങ്കരന്റെ സഹപാഠി ആയിരുന്ന വിഷ്ണുശർമൻ ആയിരുന്നു അവരിൽ പ്രമുഖൻ .
ഇതിനിടയിൽ ശങ്കരന്റെ സഹപാടിയായിരുന്ന കാലടിയിലെ അഗ്നിശരർമൻ എന്ന ബ്രാഹ്മണൻ കൂടി ബദരിനാഥിൽ എത്തി . ആര്യാംബ കൊടുത്തയച്ച കുറേ പണവും കൊണ്ടായിരുന്നു അഗ്നിശർമന്റെ വരവ് . അമ്മ രോഗശയ്യയിൽ ആണ് എന്ന വാർത്തയും അദ്ദേഹം ശങ്കരനെ അറിയിച്ചു .
അമ്മ കൊടുത്തയച്ച പണം കൊണ്ട് ശങ്കരാചാര്യർ ബദരീനാഥിൽ ഒരു വിഷ്ണുക്ഷേത്രം പണിതു . അവിടുത്തെ പൂജാരിയായി അഗ്നിശർമനെ തന്നെ നിയമിച്ചു .
ബദരീനാഥിലെ ആ ക്ഷേത്രത്തിൽ ഇന്നും പൂജ നടത്തുന്നത് അഗ്നിശർമന്റെ പിൻഗാമികളായ കേരള ബ്രാഹ്മണർ ആണ് . "റാവൽജി" എന്നാണ് ഇവിടുത്തെ പ്രധാന പൂജാരിയെ വിളിക്കുന്നത് . തിരുവിതാംകൂർ മഹാരാജാവാണ് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യുക . നിയമനം നടത്തുന്നതാവട്ടെ തെഹ്‌രി രാജാവും .
അമ്മയുടെ വേർപാട്
ശങ്കരാചാര്യർ വീണ്ടും നാട്ടിലെത്തി . അപ്പോഴേക്കും അമ്മ മരണത്തോട് അടുത്തുകഴിഞ്ഞിരുന്നു . സ്നേഹപൂർവം അമ്മയെ ശുശ്രൂഷിച്ചു ദേവ സ്തുതികൾ നിർമിച്ചും അത് ചൊല്ലിയും അദ്ദേഹം അമ്മയുടെ മരണ ഭയം എല്ലാം മാറ്റി . അങ്ങനെ തീർത്തും പ്രസന്നമായ മനസ്സോടെ ആര്യാംബ ജീവൻ വെടിഞ്ഞു . അമ്മയുടെ ചിതയെ പ്രദക്ഷിണം വെക്കുമ്പോൾ ശങ്കരാചാര്യർ അഞ്ചു ശ്ലോകങ്ങൾ ഉണ്ടാക്കി ചൊല്ലി . "മാതൃപഞ്ചകം" എന്ന പേരിൽ പ്രസിദ്ധമായ അവ ലോകത്തെ എല്ലാ അമ്മമാർക്കും ഉള്ള സ്തുതി ഗീതമായി മാറി .
അമ്മയുടെ വിയോഗശേഷം അദ്ദേഹം വീണ്ടും ബദരീനാഥിലേക്ക് പോയി . ആ മടക്ക യാത്രയിൽ അദ്ദേഹം ആശ്ചര്യചൂടാമണിയെ കണ്ടുമുട്ടി . ബദരീനാഥിൽ എത്തിയത്തിനുശേഷം ശങ്കരൻ ശിഷ്യന്മാരുമൊത്ത് ഭാരതയാത്രക്ക് പുറപ്പെട്ടു . ഈ യാത്രയിൽ ശങ്കരന് അന്നത്തെ വൈദിക ധർമ്മം ആചരിച്ചിരുന്നവർക്കിടയിൽ നിലനിന്ന പലതരം ഉൽപ്പിരുവുകളും ആശയ ഭിന്നതകളും നേരിടേണ്ടിവന്നു . അവയിൽ പലതും വ്യത്യസ്ത മതങ്ങൾ പോലെ ആയി തീർന്നിരുന്നു . ബുദ്ധം , സാംഖ്യം , യോഗം , ന്യായം , വൈശേഷികം , പൂർവമീമാംസ എന്നിവ ആയിരുന്നു അവയിൽ പ്രധാനം . ഒരുപാട് പണ്ഡിതന്മാരെയും അദ്ദേഹത്തിന് കാണേണ്ടി വന്നു പലരെയും തർക്കത്തിൽ തോല്പിക്കുകയും ചെയ്തു . പല ഇടങ്ങളിൽ നിന്നായി ശങ്കരാചാര്യരുടെ ജീവൻ അപായപ്പെടുത്താൻ ശ്രമം ഉണ്ടായി .
ഗംഗാതീരത്തു എത്തിയപ്പോൾ ആണ് കാശ്മീരിലെ ശാരദാ ദേവി ക്ഷേത്രത്തിലുള്ള സർവജ്ഞപീഠത്തെ കുറിച് ശങ്കരാചാര്യർ കേൾക്കുന്നത് . നാല് നടവാതിലുകളിലും ഉള്ള പണ്ഡിതന്മാരെ തോൽപ്പിച്ചെങ്കിൽ മാത്രമേ ദേവീ സന്നിധിയിൽ എത്തുവാൻ സാധിക്കു .താമസിയാതെ ശങ്കരാചാര്യർ അവിടെയെത്തി .
അവിടുത്തെ വൈശേഷികന്മാർ , നൈയായികന്മാർ , സാംഖ്യന്മാർ , സൗത്രാന്തികന്മാർ , സർവാസ്തിവാദികൾ , വിജ്ഞാനവാദികൾ , ദിഗംബര ജൈനന്മാർ , മീമാംസകർ തുടങ്ങിയവരുടെയെല്ലാം ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് അദ്ദേഹം അദ്വൈത വാദത്തിന്റെ മഹത്വം ബോധ്യപ്പെടുത്തി . അന്നു വരെ ആർക്കും തുറന്നുകൊടുത്തിട്ടില്ലാത്ത തെക്കേ നട വാതിൽ തുറപ്പിച്ച് എല്ലാവരുടെയും അകമ്പടിയോടെ അദ്ദേഹം അകത്തുകയറി ദേവിയുടെ മുന്നിലെ സർവജ്ഞപീഠത്തിൽ കയറിയിരുന്നു . അതോടെ അദ്വൈത മതത്തിന്റെ സർവാധിപത്യം സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്തത് .
വെറും മുപ്പത്തിരണ്ട് വയസ്സ് ഉള്ളപ്പോൾ ആണ് ശങ്കരാചാര്യർ ദേഹത്യാഗം ചെയ്തത് . എവിടെ വെച്ചാണ് എന്നുള്ളതിന് ഒരു വ്യക്തത ഇല്ല .
ശിഷ്യന്മാർ
പത്മപാദൻ
ശങ്കരാചാര്യർ ഗോവിന്ദപാദ ഗുരുവിനോട് യാത്ര പറഞ്ഞ് കാശിയിലെത്തി അധികം വൈകാതെ കേരളത്തിൽ നിന്നുള്ള വിഷ്ണുശർമൻ എന്ന ബ്രാഹ്മണ യുവാവ് അദ്ദേഹത്തെ വന്നു കണ്ടു . സനന്ദനൻ എന്ന പുതിയ പേര് നൽകി ആചാര്യർ വിഷ്ണുശർമനെ ശിഷ്യനായി സ്വീകരിച്ചു . അദ്ദേഹം ആയിരുന്നു ശങ്കരാചാര്യരുടെ ആദ്യത്തെ ശിഷ്യൻ . മലപ്പുറം ജില്ലയിലെ തൃക്കണ്ടിയൂർ എന്ന ദേശത്തുകാരൻ ആയിരുന്നു വിഷ്ണുശർമൻ എന്ന് വിശ്വസിക്കപ്പെടുന്നു .
സുരേശ്വരൻ
ഇന്നത്തെ മധ്യപ്രദേശിലുള്ള മഹിഷ്‌മതി എന്ന പട്ടണത്തിലായിരുന്നു മഹധനികനായ വിശ്വരൂപന്റെ താമസം . മണ്ഡനമിശ്രൻ എന്നും ആളുകൾ അദ്ദേഹത്തെ വിളിച്ചിരുന്നു .
പൂർവ്വമീമാംസ മതക്കാരനായിരുന്നു മണ്ഡനമിശ്രൻ . വേദത്തിൽ അഗാധപാണ്ഡിത്യമുള്ള ആൾ ആയിരുന്നെങ്കിലും വേദത്തിലെ യഞ്ജങ്ങൾക്കും കർമങ്ങൾക്കും മാത്രമേ മണ്ഡനമിശ്രൻ വില കല്പിച്ചിരുന്നുള്ളൂ . ഒരിക്കൽ ശങ്കരാചാര്യരുമുള്ള വാദ പ്രതിവാദത്തിൽ മണ്ഡനമിശ്രൻ തോൽക്കുകയും ഉടൻ തന്നെ ശങ്കരാചാര്യരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു . അന്ന് മുതൽ അദ്ദേഹം സുരേശ്വരൻ എന്ന് അറിയപ്പെടുവാൻ തുടങ്ങി .
ഹസ്താമലകൻ
ശങ്കരാചാര്യരുടെ മറ്റൊരു പ്രമുഖ ശിഷ്യൻ ആയിരുന്നു ഹസ്താമലകൻ . ഒരിക്കൽ ശങ്കരാചാര്യരെ കാണുവാൻ ഇടയായി . പതിമൂന്ന് വയസ്സായിട്ടും മൂഡനായി കഴിയുന്ന മകനെ അനുഗ്രഹിക്കണം എന്ന് ഹസ്തമലകന്റെ പിതാവായ പ്രഭാകരൻ ശങ്കരാചാര്യരോട് അപേക്ഷിച്ചു .
ശങ്കരാചാര്യർ ആ കുട്ടിയോട് ചോദിച്ചു
" നീ ആരാണ് ? എന്താണ് ഇങ്ങനെ ആയത് ?
ഉടൻ ആ കുട്ടി സ്ഫുടമായ പന്ത്രണ്ട് ശ്ലോകങ്ങൾ ചൊല്ലി . വേദാന്ത തത്വങ്ങൾ വ്യക്തമായി വർണിക്കുന്ന ശ്ലോകങ്ങൾ ആയിരുന്നു അവ . ഉപനിഷത്തുകളിലെ ഗഹനമായ ആശയങ്ങൾ വിവരിച്ചതുകൊണ്ട് ശങ്കരാചാര്യർ അവൻ ഹസ്തമലകൻ എന്ന് പേര് ഇട്ടു . ആ ബാലൻ ചൊല്ലിയ ശ്ലോകങ്ങൾ പിന്നീട് പ്രസിദ്ധമായി തീർന്നു . ഹസ്താമലകം എന്ന പേരിലാണ് അവ അറിയപ്പെടുന്നത് . അന്ന് മുതൽ ഹസ്താമലകനും ശങ്കരാചാര്യരുടെ പ്രമുഖ ശിഷ്യന്മാരിൽ ഒരാളായി തീർന്നു .
തോടകൻ
ഒരിക്കൽ ഗിരി എന്നൊരു ബ്രാഹ്മണ കുമാരൻ ശങ്കരാചാര്യരോടൊപ്പം ചേർന്നു . അക്ഷരം പോലും അറിയാത്ത ബിദ്ധിഹീനനായ വ്യക്തി ആയിരുന്നു ഗിരി . വലിയ ഗുരു ഭക്തൻ ആയിരുന്നു ഗിരി . എപ്പോഴും ആചാര്യനെ ശുശ്രൂഷിക്കുന്നതിൽ ആയിരുന്നു ഗിരിക്ക് താല്പര്യം . ശങ്കരാചാര്യരുടെ ശിഷ്യന്മാരിൽ ഗിരിയും പ്രമുഖ വ്യക്തിയായിരുന്നു .
ബോധാനന്ദൻ , നിത്യാനന്ദൻ , യോഗാനന്ദൻ , ആനന്ദഗിരി , ഭാരതീവംശൻ , ചിത്സുഖാചാര്യൻ , വിഷ്ണുഗുപ്തൻ , ശുദ്ധകീർത്തി , ഭാനുമരീചി , വാചസ്പതിമിശ്രൻ , സുമതി തുടങ്ങിയവർ ആയിരുന്നു ശങ്കരാചാര്യരുടെ പ്രമുഖരായ മറ്റ് ശിഷ്യന്മാർ .
ശങ്കരമഠങ്ങൾ
അദ്വൈത സിദ്ധാന്തത്തിന്റെ നിലനിൽപ്പിനും അഭിവൃദ്ധിക്കും വേണ്ടി ഭാരതത്തിന്റെ നാല് ഭാഗങ്ങളിലും സന്യാസി മഠങ്ങൾ അദ്ദേഹം സ്ഥാപിച്ചു . ഓരോന്നിലും തന്റെ നാല് പ്രധാന ശിഷ്യന്മാരെ തന്നെ ആണ് അദ്ദേഹം നിയമിച്ചത് .ആ സന്യാസി മഠങ്ങൾ ഏതൊക്കെ ആണ് എന്ന് നോക്കാം .
..............
ശൃംഗേരി മഠം
ശ്രീശങ്കരൻ സ്ഥാപിച്ച മഠങ്ങളിൽ പ്രഥമ സ്ഥാനം കർണാടകയിൽ തുംഗഭദ്രാ നദിയുടെ കരയിലുള്ള ശൃംഗേരി മഠത്തിനാണ് .ശ്രീ ശങ്കരന്റെ ശിഷ്യനായ സുരേശ്വരാചാര്യൻ ആയിരുന്നു അവിടുത്തെ ആദ്യത്തെ മഠാധിപതി .
...............
ഗോവർധനമഠം
ഭാരതത്തിന്റെ കിഴക്ക് ഭാഗത്ത്‌സ്ഥാപിച്ച മഠം ആണ് . ഒറീസയിലെ ജഗന്നാഥപുരിയിൽ ഉള്ള ഗോവർധന മഠം . അംഗം (ഭഗൽപൂർ) , വംഗം (ബംഗാൾ) , മഗദം (ബിഹാർ) , ഉൽക്കം (ഒറീസ) തുടങ്ങിയ പ്രദേശങ്ങൾ ആണ് ഈ മഠത്തിൻ കീഴിൽ വരുന്നത് .
ശങ്കരാചാര്യരുടെ പ്രഥമ ശിഷ്യൻ ആയിരുന്ന പദ്മപാദൻ ആയിരുന്നു ഇവിടുത്തെ ആദ്യത്തെ മഠാധിപതി .
..................
ദ്വാരകാമഠം
ശങ്കരാചാര്യർ ഭാരതത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥാപിച്ച മഠം ആണ് ദ്വാരകാമഠം . ഗുജറാത്തിലെ ദ്വാരകയിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത് . സൈന്ധവം , മാർവാർ , സൗരാഷ്ട്രം , വ്രജ ഭൂമി തുടങ്ങിയ പ്രദേശങ്ങൾ ആണ് ഈ മഠത്തിൻ കീഴിൽ വരുന്നത് .
ശങ്കരാചാര്യരുടെ ശിഷ്യൻ ഹസ്തമലകാചാര്യൻ ആയിരുന്നു ഇവിടുത്തെ ആദ്യത്തെ മഠാധിപതി .
.................
ജ്യോതിർമഠം
വടക്ക് ബദരീനാഥ തീർഥത്തിനുസമീപം ആണ് ജ്യോതിർമഠം , ജോഷിമഠം എന്നും ഇതിന് പേരുണ്ട് . ഇതിന്റെ കീഴിൽ ഉള്ള പ്രദേശങ്ങൾ കുരുക്ഷേത്രം , ജമ്മു കശ്മീർ , കാംബോജം (പഞ്ചാബ്) , പാഞ്ചാലം ( ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ പ്രദേശം ) തുടങ്ങിയവ ആണ് .തോടകാചാര്യൻ ആയിരുന്നു ഇവിടുത്തെ ആദ്യത്തെ മഠാധിപതി .
..............
കാഞ്ചി കാമകോടി പീഠം
തമിഴ്‌നാട്ടിലെ കാഞ്ചിയിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത് .ഈ മഠത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല .
...............
ഒരുപാട് പുസ്തകങ്ങളിൽ നിന്നുള്ള വിവരണങ്ങൾ കോർത്തിണക്കി തെയ്യാറാക്കിയതാണ് . വായിക്കുക ഇതിൽ ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളിക്കാൻ സാധിച്ചിട്ടില്ല .ശങ്കരാചാര്യരുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു .
0 Comments
thanks for u r feedback