google.com, pub-4535768800405607, DIRECT, f08c47fec0942fa0 PARLIAMENT OF INDIA

Ticker

30/recent/ticker-posts

PARLIAMENT OF INDIA


 



ഓരോ രാജ്യത്തിനും ആ രാജ്യത്തിന്റെ ഭരണ സിരാ കേന്ദ്രം ഉണ്ടാവും . നമ്മുടെ രാജ്യത്തിന്റെ ഭരണ സിരാ കേന്ദ്രമായ പാർലമെന്റിനെ കുറിച്ച് നമുക്ക് വായിച്ചറിയാം .


ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ . ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച പല രാജ്യങ്ങളിലും ജനാധിപത്യം തകർന്നെങ്കിലും നമ്മുടെ രാജ്യം മറ്റൊരു സംവിധാനത്തെ കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ല . 

ഇന്ത്യൻ ജനാധിപത്യത്തിന്റെ  സിരാ കേന്ദ്രം ആണ് പാർലമെന്റ് . 
ഭരണഘടനയുടെ നിർവചനം അനുസരിച്ച് രാഷ്ട്രപതിയും രാജ്യസഭാ , ലോക് സഭ എന്നീ സഭകളും ചേരുന്നതാണ് പാർലമെന്റ്.

പാർലമെന്റിന്റെ സുപ്രധാന ഘടകം ആണെങ്കിലും രാഷ്ട്രപതി ഇരുസഭകളിലിൽ ഏതെങ്കിലും ഒരിടത്തു ഇരിക്കുകയോ ചർച്ചകളിൽ പങ്കെടുക്കുകയോ ചെയ്യാറില്ല . എന്നാൽ ഇരുസഭകളും അതായത് രാജ്യസഭയും ലോകസഭയും പാസാക്കുന്ന ബില്ലുകൾ നിയമമാകണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി അത്യാവശ്യമാണ് . അതോടൊപ്പം ഇരുസഭകളും സമ്മേളിക്കാതിരിക്കുന്ന അവസരങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട് . പാർലമെന്റ് പാസാക്കുന്ന ബില്ലുകൾ പോലെ തന്നെ നിയമസാധുത ഉള്ളവയാണ് ഓർഡിനൻസുകളും .
പാർലമെന്റിന്റെ ഏതെങ്കിലും ബില്ലിന്റെ കാര്യത്തിൽ ഇരുസഭകളും തമ്മിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ രാഷ്ട്രപതി ഇരുസഭകളുടെയും സമ്മേളനം വിളിച്ചുകൂട്ടും . രാജ്യസഭയിലേക്കും ലോകസഭയിലേക്കും അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതും രാഷ്ട്രപതി ആണ് .
പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്നാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് . അഞ്ചു വർഷം ആണ് രാഷ്ട്രപതിയുടെ കാലാവധി .

                                                            
                          പാർലമെന്റിന്റെ മുൻഗാമി


സ്വാതന്ത്ര്യം കിട്ടുന്നതിന്റെ മുന്നോടിയായി 1946 ൽ ഭരണഘടന നിർമാണത്തിന് ഒരു കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി രൂപികരിച്ചിരുന്നു . സ്വാതന്ത്ര്യം ലഭിച്ച്‌ രണ്ടര വർഷം കൂടി ഇത് ഒരു നിയമ നിർമാണ സഭയായി പ്രവർത്തിച്ചു . ഫലത്തിൽ ഇതായിരുന്നു സ്വാതന്ത്ര്യ ഇന്ത്യയുടെ ആദ്യ പാർലമെന്റ് . ഇന്ത്യ റിപ്പബ്ലിക്ക് ആയതോടെ ഇത് താത്കാലിക പാർലമെന്റ് ആയിത്തീർന്നു . പുതിയ ഭരണഘടന അനുസരിച്ച് പൊതു തിരഞ്ഞെടുപ്പ് നടത്തി പാർലമെന്റ് രൂപീകരിക്കുന്നതുവരെ (1952) അത് ആ നിലയിൽ പ്രവർത്തിച്ചു .

ഇനി പാർലമെന്റിന്റെ ഇരുസഭകളിൽ ഒന്നായ ലോകസഭയെ കുറിച്ച് വായിക്കാം .


ലോകസഭാ


ഇന്ത്യൻ പാർലമെന്റിന് രണ്ട് സഭകൾ ഉണ്ട് . രാജ്യസഭയും ലോകസഭയും . ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ അടങ്ങുന്നതാണ് ലോകസഭാ .
പാർലമെന്റിന്റെ അധോമണ്ഡലം എന്ന വിളിപ്പേരും ലോകസഭയ്ക്കുണ്ട് .

ഭാരതത്തിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പിനുശേഷം 1952 ഏപ്രിൽ 17 ന് ആണ് ലോകസഭാ രൂപീകരിച്ചത് . ആദ്യത്തെ രണ്ടുവർഷക്കാലം " ഹൗസ് ഓഫ് ദി പീപ്പിൾ " എന്നായിരുന്നു ലോകസഭാ അറിയപ്പെട്ടിരുന്നത് . 1954 മേയ് 14 ന് ആണ് " ലോകസഭാ " എന്ന നാമം സ്വീകരിച്ചത് .

ലോകസഭയുടെ സാധാരണ കാലാവധി അഞ്ചുവർഷം ആണ് . സഭയുടെ ഒന്നാംയോഗം ചേരുന്ന തിയ്യതി മുതൽ അഞ്ചുവർഷം ആണ് കാലാവധിയായി കണക്കാക്കുന്നത് . എന്നാൽ പ്രസിഡന്റിന് കാലാവധിക്ക് മുൻപ് ലോകസഭാ പിരിച്ചുവിടാനുള്ള അധികാരം ഉണ്ട് . അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിൽ സഭയുടെ കാലാവധി ഒരു വർഷത്തിൽ കവിയാതെ നീട്ടാൻ പാർലമെന്റിന് അധികാരം ഉണ്ട് . എന്നാൽ അടിയന്തരാവസ്ഥ പിൻവലിച്ച ശേഷം ആറുമാസത്തിലധികം കാലാവധി നീട്ടാൻ വ്യവസ്തയില്ല .
ഭരണഘടന പ്രകാരം ലോകസഭയിലെ പരമാവധി അംഗസംഖ്യ 552 ആണ് . നാമനിർദ്ദേശം ചെയ്യാവുന്ന അംഗങ്ങളും ഇതിൽ ഉൾപ്പെടും . എന്നാൽ ഇത്രയും അംഗങ്ങൾ ഇതുവരെ ഒരു ലോകസഭയിലും ഉണ്ടായിട്ടില്ല . എന്നാൽ ഇപ്പോൾ ലോകസഭയിലെ അംഗസംഖ്യ എന്നുപറയുന്നത് 545 ആണ് .


രാജ്യസഭ


ഇന്ത്യൻ പാർലമെന്റിലെ ഉപരിസഭയാണ് രാജ്യസഭ . 1952 ഏപ്രിൽ 3 ന് ആണ് രാജ്യസഭ രൂപീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഉണ്ടായത് . ആദ്യത്തെ രണ്ടുവർഷം " കൗൺസിൽ ഓഫ് സ്റ്റേറ്റ്‌സ് എന്നായിരുന്നു ഈ സഭ അറിയപ്പെട്ടിരുന്നത് . 1954 ആഗസ്റ്റ് 23 ന് ആണ് " രാജ്യസഭ " എന്ന പേര് മാറ്റിയത് . 

ഉപരാഷ്ട്രപതി ആണ് രാജ്യസഭയുടെ ചെയർമാൻ . പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ ചേർന്നാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് . രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനെ രാജ്യസഭാംഗങ്ങൾക്കിടയിൽ നിന്ന് തന്നെ തിരഞ്ഞെടുക്കുന്നു . ഇത് കൂടാതെ ചെയർമാനും ഡെപ്യൂട്ടി ചെയർമാനും ഇല്ലെങ്കിൽ അധ്യക്ഷത വഹിക്കുന്നതിന് ചെയർമാൻ നാമനിർദേശം ചെയ്യുന്ന വൈസ് ചെയർമാന്മാരുടെ ആറംഗ പാനലും ഉണ്ടായിരിക്കും .
രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 250 ആണ് . ഇതിൽ പന്ത്രണ്ട് പേരെ രാഷ്ട്രപതി നാമനിർദേശം ചെയ്യും . തുടക്കത്തിൽ രാജ്യസഭാംഗങ്ങളുടെ എണ്ണം 216 ആയിരുന്നു . സംസ്ഥാന പുന സംഘടനയും പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണവും കാരണവും അംഗസംഖ്യ വർധിച്ചിട്ടുണ്ട് . എന്നാൽ രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാവുന്ന അംഗങ്ങളുടെ സംഖ്യ 12 ൽ നിന്ന് വർധിപ്പിച്ചിട്ടില്ല .
സാഹിത്യം , ശാസ്ത്രം , കല , സാമൂഹ്യസേവനം തുടങ്ങിയ രംഗങ്ങളിലുള്ള മികവും പ്രായോഗികപരിചയവും കണക്കിലെടുത്താണ് അംഗങ്ങളെ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത് .
രാജ്യസഭ ഒരു സ്ഥിരം സഭയാണ് . ഒരിക്കലും പിരിച്ചുവിടാൻ ആവില്ല . ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി ആറ് വർഷം ആണ് . 


പാർലമെന്റ് മന്ദിരം


പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത് ഡൽഹിയിൽ ആണ് . 2.43 ഹെക്ടർ സ്ഥലത്ത് പണിത ഈ മനോഹര സൗധത്തിന് വൃത്താകൃതിയാണ് . ഇതിന്റെ വ്യാസം എത്ര എന്നോ ? 170.69 മീറ്റർ .
ഒന്നാം നിലക്ക് ചുറ്റും വൃത്താകൃതിയിൽ വലിയ ഒരു വരാന്ത ഉണ്ട് . 144 വൻ തൂണുകൾ ആണ് ഈ വരാന്തയിൽ ഉള്ളത് . ഈ തൂണുകൾക്ക് ഓരോന്നിനും രണ്ട് നില കെട്ടിടത്തേക്കാൾ ഏറെ ഉയരമുണ്ട് .

പാർലമെന്റ് സമുച്ചയത്തിന് 12 കവാടങ്ങൾ ആണ് ഉള്ളത് . കെട്ടിടത്തിന്റെ നടുക്കായി വൃത്താകൃതിയിൽ ഉള്ള സെൻട്രൽ ഹാൾ . ഇവിടെ മൂന്നിടങ്ങളിലായി ഒരേ പോലെ ഉള്ള മൂന്ന് ചേമ്പറുകൾ ഉണ്ട് . ഇവയിൽ ഒന്ന് ലോകസഭയും മറ്റൊന്ന് രാജ്യസഭയും ആണ് . മൂന്നാമത്തെ ചേംബർ ആണ് പാർലമെന്റ് ലൈബ്രറി . ഈ ചേമ്പറുകൾക്കിടയിൽ പൂന്തോട്ടങ്ങൾ ആണ് .

പാർലമെന്റ് സൗധത്തിന് തറക്കല്ലിട്ടത് 1921 ഫെബ്രുവരി 12 ന് ആയിരുന്നു . ലോകപ്രശസ്‌ത വാസ്തു ശിൽപികൾ ആയ സർ എഡ്വിൻ ല്യൂട്ടിൻസും സർ ഹെർബെർട് ബേക്കറും ആണ് ഇതിന്റെ ശിൽപികൾ . ആറു വർഷം കൊണ്ട് പണി പൂർത്തിയാക്കി . 1927 ജനുവരി 18 ന് അന്നത്തെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ് ഇർവിൻ പ്രഭു മന്ദിരം തുറന്ന് കൊടുത്തു . പണി പൂർത്തിയാക്കാൻ അന്ന് ചെലവായ തുക 83 ലക്ഷം രൂപ ആയിരുന്നു .

ലോകസഭയിൽ കുതിരലാടത്തിന്റെ ആകൃതിയിൽ ആണ് അംഗങ്ങൾക്ക് സീറ്റുകൾ ഒരുക്കിയിരിക്കുന്നത് . രാജ്യസഭയിൽ ഇത് അർധവൃത്താകൃതിയിൽ ആണ് . അധ്യക്ഷന്റെ വേദിക്ക് മുന്നിൽ വലത് ഭാഗത്ത്‌ ഭരണകക്ഷിക്കാരും ഇടത് ഭാഗത്ത്‌ പ്രതിപക്ഷവും ഇരിക്കുന്നു . ഇത് കൂടാതെ സഭയുടെ ചേംബറിന്റെ ഒന്നാം നിലയിൽ സന്ദർശകർക്കും പത്രമാധ്യമങ്ങൾക്കും ഉള്ള ഗാലറി ഒരുക്കിയിട്ടുണ്ട് . ലോകസഭയിൽ ബജറ്റ്‌ അവതരിപ്പിക്കുമ്പോഴും മറ്റ്‌ സുപ്രധാന ചർച്ചകൾ നടക്കുമ്പോഴും സന്ദർശക ഗാലറി തിങ്ങി നിറയാറുണ്ട് .


സഭകളുടെ അധ്യക്ഷന്മാർ


പാർലമെന്റിന്റെ ഇരുസഭകൾക്കും ഓരോ അധ്യക്ഷന്മാർ ഉണ്ട് . അവർ ആണ് സഭയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് . ഇനി നമുക്ക് അധ്യക്ഷന്മാരെ പരിചയപ്പെടാം .


ഉപരാഷ്ട്രപതി


ഉപരാഷ്ട്രപതി ആണ് രാജ്യസഭയുടെ അധ്യക്ഷൻ . അധ്യക്ഷനൊപ്പം ഉപാധ്യക്ഷനും രാജ്യസഭയക്ക് ഉണ്ടായിരിക്കും . പാർലമെന്റിന്റെ ഇരു സഭകളിലെയും എല്ലാ അംഗങ്ങളും ചേർന്നാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത് . ഉപരാഷ്ട്രപതിയുടെ കാലാവധി അഞ്ച് വർഷം ആയിരിക്കും . തിരഞ്ഞെടുപ്പ് രഹസ്യ ബാലറ്റിലൂടെ ആണ് നടക്കുന്നത് . രാജ്യസഭാംഗങ്ങളിൽപെട്ട ഒരാൾ ആയിരിക്കും സഭയുടെ ഉപാധ്യക്ഷൻ . അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നത് രാജ്യസഭാ അംഗങ്ങൾ ആയിരിക്കും .


സ്പീക്കർ


ലോകസഭയുടെ അധ്യക്ഷൻ ആണ് സ്പീക്കർ . ലോകസഭാംഗങ്ങൾ ചേർന്നാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നത് . അദ്ദേഹം ലോകസഭാ അംഗം ആയിരിക്കണം . സ്പീക്കർ തിരഞ്ഞെടുപ്പിന് ചില ചട്ടങ്ങൾ ഉണ്ട് .

സ്പീക്കർ പദവിയിലേക്ക് വരാൻ സമ്മതമുള്ള ഒരാളെ അയാളുടെ അനുമതിയോടെ ഒരംഗം നിർദേശിക്കണം . ആ നിർദേശത്തെ മറ്റൊരംഗം പിന്താങ്ങണം . ഇങ്ങനെ സമർപ്പിക്കുന്ന പ്രമേയങ്ങൾ അവ സമർപ്പിച്ചതിന്റെ മുൻഗണനയനുസരിച്ച്‌ സഭയിൽ വോട്ടിനിടും . ഇങ്ങനെ ഒരു പ്രമേയം പാസ്സാകും വരെ വോട്ടിങ് നടക്കും . സഭാ നടപടികൾ നിയന്ത്രിക്കാനുള്ള പൂർണ അധികാരം സ്പീർക്കർക്ക് ആയിരിക്കും . തന്റെ അധികാര പരിധിയിൽപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് സ്പീക്കർ എടുക്കുന്ന തീരുമാനം പുനഃപരിശോധിക്കുന്നതിന് കോടതികൾക്ക് പോലും അധികാരം ഇല്ല . 

ലോകസഭ പിരിച്ചുവിട്ടാൽ പോലും സ്പീക്കറുടെ സ്ഥാനം നഷ്ടപ്പെടുന്നില്ല . അടുത്ത ലോകസഭയുടെ ആദ്യ സമ്മേളനം വരെ സ്പീക്കർക്ക് തത് സ്ഥാനത് തുടരാവുന്നതാണ് .


ഡെപ്യൂട്ടി സ്പീക്കർ


സ്പീക്കർ ഇല്ലാത്തപ്പോൾ സഭനടപടികളിൽ അധ്യക്ഷം വഹിക്കുന്നത് ഡെപ്യൂട്ടി സ്പീക്കർ ആണ് . സ്പീക്കറെ തിരഞ്ഞെടുക്കുന്ന അതേ രീതിയിൽ തന്നെ ആണ് ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നത് .

സ്പീക്കറിൽ നിന്നും വ്യത്യസ്തമായി ഡെപ്യൂട്ടി സ്പീക്കർക്ക് സഭയിലെ അംഗം എന്ന നിലയിൽ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കാനും സഭയുടെ പരിഗണനയിൽ ഉള്ള ഏത് പ്രശ്നത്തിൻ മേൽ വോട്ടുചെയ്യാനും ഉള്ള അധികാരം ഉണ്ട് . എന്നാൽ സ്പീക്കർ അധ്യക്ഷൻ ആകുമ്പോൾ മാത്രമേ ഈ അവകാശങ്ങൾ വിനിയോഗിക്കാൻ സാധിക്കു . ഡെപ്യൂട്ടി സ്പീക്കറെ ഏതെങ്കിലും പാർലമെന്ററി കമ്മറ്റിയുടെ അംഗം ആയി നിയമിച്ചാൽ അതിന്റെ ചെയർമാൻ അദ്ദേഹം ആയിരിക്കും . ഡെപ്യൂട്ടി സ്പീക്കർ പദവി സാധാരണ നിലയിൽ ഒരു പ്രതിപക്ഷ അംഗത്തിന് ആയിരിക്കും .

പാർലമെന്റുമായി പ്രധാനപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചെറിയ ഒരു വിവരണം ആണ് ഇത് .

Post a Comment

0 Comments